badge

free shipping worldwide

Wednesday, June 24, 2015

അടുത്ത സാഹിത്യവേദിയിൽ അവതരിപ്പിക്കുന്ന കവിതകൾ

1. പന്‍വേലിലെ ഫ്ലാറ്റുകള്‍
വാടക ജീവിതം പുരനിറഞ്ഞപ്പോള്‍
പ്രവാസം പറഞ്ഞു
സാലാ....ഫ്ലാറ്റ് നഹി ലേനേ കാ പന്‍വേല്‍ മേം?”
തൂ,ദേഖ്,
യേ, വോ,സബ് ലേലിയാ"
അറിഞ്ഞിരുന്നു
വികസനത്തിന്റെ തെക്കോട്ടിറക്കം
പിന്‍വലിവിന്റെ
കടിഞ്ഞാണുകള്‍ പൊട്ടിയപ്പോള്‍
ഹാര്‍ബര്‍ലൈനില്‍
കുലുങ്ങി കുലുങ്ങി
കാമനകള്‍ക്കൊപ്പം
കലുന്ദ്രെ നദിയുടെ ശിഖരങ്ങളില്‍
കണ്ടലുകള്‍ നുണഞ്ഞ്
ഫ്ലാറ്റുകളുടെ പന്തിഭോജനം
ഇവിടെയാവുന്നു പന്‍വേല്‍
വീടുതേടുന്നവരുടെ ഉത്കണ്ഠകള്‍
ശീതീകരിക്കപ്പെടുന്ന മുറികള്‍
സര്‍, വരൂ....വരൂ" എന്ന പുഞ്ചിരികള്‍
ബജറ്റ്"
സ്ക്വയര്‍ഫീറ്റ്"
ബാങ്ക് ലോണ്‍"
സിഡ്കോ അപ്രൂവ്ഡ്"
സ്റ്റേഷൻ സേ സിര്‍ഫ് സാത് കിലോമീറ്റര്‍"
ഹാം..ഹാം...ക്ലബ്ബ് ഹൗസ് ഭീ ഹൈ"
സൈറ്റ് വിസിറ്റ്?”
അനുയാത്രകളുടെ ഉള്‍വഴികള്‍
കല്ലുണക്കാനിട്ട ഒരു നദിക്കീറിനെ
പലവട്ടം
കടന്നുപോവുന്നു
ഗ്രാമീണരുടെ ഒരേമുഖങ്ങൾ
പ്രതിരോധം നഷ്ടപ്പെട്ട
സ്വയം ബോധ്യത്തിന്റെ
അലസഭാവങ്ങൾ
ഇനിയും ഒപ്പു വിളയുന്ന കൃഷിയിടങ്ങള്‍
നഷ്ടമാകൻ ബാക്കിയില്ലാത്തവർ
എന്നിട്ടും ശുഷ്കമായ മാനത്ത്
സൂക്ഷമായ നോട്ടത്തോടെ
വട്ടം ചുറ്റുന്നുണ്ട്
കൊതിക്കൊഴുപ്പുകൾ
ഇവിടെ
കലുന്ദ്രെ കാളിന്ദിയാകുന്നു
അധിനിവേശത്തിന്റെ
ഉഗ്രഫണങ്ങൾക്കുമേൽ
സമ്മതപത്രങ്ങൾ
മടക്കയാത്രയിൽ കണ്ടു
സന്ധ്യക്കു കൂടുതേടുന്ന പക്ഷികൾ
ആകാശത്ത് ആയിരം കൊളുത്തുകൾ

2. ബാന്ദ്രയിൽ വെളിച്ചങ്ങൾ ചെയ്യുന്നത്
ബാന്ദ്രയിൽ
മൗണ്ട് മേരിക്കുന്നിനു മേലെ
ഒരു ശീതകാലരാത്രിയിൽ
കപ്പൽ വിളക്കുപോലൊരു നക്ഷത്രം
ബണ്ട് സ്റ്റാന്റിന്റെ
ഉറങ്ങാത്ത തെളിച്ചങ്ങൾക്കു പുറത്ത്
അതൊരു.......
യാചന പോലെ
ഇരുളിന്റെ കടൽ അപ്പൊഴും
ആകാശത്തിന്റെ ആഴങ്ങളിലേക്ക്
പടര്‍ന്നു കിടന്നു
തിരയുടെ കിനാവള്ളി
പ്രണയത്തിന്റെ ഒളിവിടങ്ങളിൽ
തലചായ്ചുറങ്ങി
ചുരുട്ടിയെറിഞ്ഞ
ഭേൽപ്പൊരിക്കടലാസുകളിൽ
പകലിന്റെ സല്ലാപങ്ങൾ
കരുവാളിച്ചിരുന്നു
ഉറക്കച്ചടവിന്റെ വെളിച്ചചത്വരങ്ങൾ
"മിഥി"യുടെ
കൊഴുത്ത ഇരുളിലെറിഞ്ഞ്
അവസാനത്തെ ലോക്കലും
തളര്‍ന്നു .
കോർപ്പറേറ്റ് കൊഴുപ്പിന്റെ
മിനുത്ത വെളിച്ചങ്ങൾ
ബി കെസി യുടെ
ചില്ലുശിലകളിൽ നിന്നു
പ്രവഹിച്ചു .
വെളിച്ചങ്ങൾ എത്രമേൽ അതിക്രമിച്ചിട്ടും
ബാന്ദ്രയിൽ ചില ഇരുളുകൾ
ഇനിയും ബാക്കിയാവുന്നു
അതിനെ
ചേരികളെന്നോ,
കണ്ടൽ ത്തീരങ്ങളെന്നോ,
ഉൾക്കടലുകളെന്നോ,
ആരോപിച്ചു കൊണ്ട്
വെളിച്ചങ്ങൾ
പെരുകിക്കൊണ്ടിരിക്കുന്നു.
3മാഹിം ഫാടക്കിലെ കുട്ടനെയ്ത്തുകാർ .
മാഹിം ഫാടക്കിൽ
പാളങ്ങൾക്കും റോഡിനുമിടയ്ക്ക്
നഗരക്കൊഴുപ്പുകൾ പ്രഭാതസവാരിക്കിറങ്ങാത്ത
ഫുട്പാത്തിൽ കുട്ടനെയ്ത്തുകാർക്ക്
ഒരുഗ്രാമം.
വർഷം കനക്കുന്ന
നഗരസായന്തനങ്ങളിൽ മാത്രം
അവരുടെ
ആൾമറയില്ലായ്മയ്ക്ക്
നഗരവേഗത്തിന്റെ ഫ്ലൈ ഓവർ
ഒരു ചോർച്ചക്കുടയാകുന്നു.
നഗരയാമങ്ങളുടെ
ഉറങ്ങാക്കണ്ണുകൾക്കു മുന്നിൽ
ഒളിക്കാനാവാത്ത
പുതച്ചുറങ്ങലുകളിലൂടെ
അവരുടെ ഇരുണ്ട തലമുറകൾ
പെരുകി.
പ്രഭാതസൂര്യനെ
ചീന്തിയെടുത്ത മുളയിൽ
അവർ
കുട്ടപോലെ ഒരു ജീവിതം നെയ്യുന്നു
മാനംകെട്ട സൂര്യൻ
ബാന്ദ്രോ-വർളി സീലിങ്കിനപ്പുറം
ചാടി മറയുന്നതുവരെ
ആ കുട്ടകൾ
ചെളികെട്ടിയ വെയിൽ കുടിച്ച്
അവരെപ്പോലെ
കറുക്കുന്നു.
വഴിപോക്കർ കാർക്കിച്ച
കൗതുകക്കാഴ്ച്ചയുടെ അടുപ്പിൽ
അവരുടെ സ്ത്രീകൾ
അത്താഴം ചുട്ടെടുക്കുന്നു.
ചില വൈകുന്നേരങ്ങളിൽ
പുരുഷന്മാർ
കറുത്ത കുട്ടികളേയും പേറി
റെയിൽ മുറിച്ചു കടക്കുന്നു
അപ്പോൾ ഈച്ച പൊതിഞ്ഞ
ഒരു ധാരാവി
അവർക്കുമേൽ
അമ്മയുടെ അടുപ്പിന് അപരിചിതമായ
മുഴുത്ത മധുര പലഹാരമായ്
ഒട്ടുന്നു.
അതിനാലാവണം
അഴുക്കിലും
മൂക്കിളപ്പിലും പുരണ്ടിട്ടും
അവരെ നുണയാൻ
രാത്രിയുടെ ഇരുണ്ട ടാക്സികൾ
റാകിപ്പറക്കുന്നത്.
അപ്പോൾ അവർക്കായ്
അവർക്കു മാത്രമായ്
കുട്ടമെടച്ചിലിൽ നിന്ന്
മിച്ചം പിടിച്ചതെങ്കിലും
മുളംകുറ്റിയുടെ ജാഗ്രത
കണ്ണുകളേക്കാൾ കൂർപ്പിച്ച്
മാഹിം ഫാടക്കിലെ കുട്ടനെയ്ത്തുകാർ
കാത്തുവെച്ചിരിക്കുന്നു.

4. ദാദർ
ദാദർ ഒരു പേരല്ല
ഒരുപാടു പേർ
ഒരു ചരിത്രം
ചവിട്ടുപടികയറിയുമിറങ്ങിയും
കാലം :
കാലുകൾ
ചന്തപ്പൂ വട്ടിയിൽ
സ്വപ്നം ഉറകുത്തിയ
ചുവന്ന നക്ഷത്രങ്ങൾ
പുകതുപ്പിച്ചത്തുപോയ
വർഗ്ഗസമരത്തിനുമേൽ
ഫ്ലാറ്റുകളുടെ
ആകാശമുഷ്ടികൾ
എലിയും പല്ലിയും നരിച്ചീറും ചേർന്ന്
ഉറഞ്ഞ ഗുദ്ദാമുകളിൽ
പെട്ടുപോയ പെണ്ണിനുമേൽ നടത്തുന്നതാണ്
ഇന്ന്
സംഘടനാ പ്രവർത്തനം
വിശദീകരണ യോഗങ്ങളുടെ
മടക്കിക്കുത്തിയ മുണ്ടുകളെ
കാവിയുറുമ്പുകൾ
തിന്നൊടുക്കി.
"ഗിരൺഗാവി"ന്റെമാളങ്ങളിൽനിന്ന്
ചില്ലുമാളികകളുടെ
ശീതീകരണയന്ത്രങ്ങളിൽ
ഒളിച്ചുപാർത്ത
പണിമുടക്കുകൾ
പിന്നെ
മടങ്ങിവന്നില്ല
എന്നെത്തേയുംപോലെ
ആൾക്കൂട്ടത്തെത്തിന്നുവീർത്ത
ലോക്കലുകളുടെ
പ്രകടനഘോഷം
പാൻമസ്സാലയുടെ ആലസ്യംതുപ്പിയ
പാളങ്ങളിൽ
സഹനത്തിന്റെ
മൗനമായൊടുങ്ങി.
അതെ
ദാദർ ഒരു പേരല്ല
ഒരുപാടു പേർ
ഒരു ഷോപ്പിംഗ് മാൾ
5.ആർച്ച
പ്രിയ സുഹൃത്തെ,
നീ വായിച്ച പുസ്തകങ്ങളെക്കുറിച്ച്
കേട്ട പാട്ടുകളെക്കുറിച്ച്
കണ്ട സിനിമകളെക്കുറിച്ച്
ഇനിയുമെന്നോടു
പറയരുത്:
എന്റെ കാഴ്ച്ചകൾ അടുപ്പിൽ തിളച്ചുപൊന്തുമ്പോൾ
കേൾവികൾ ഭർതൃശാപങ്ങൾ അറുത്തെടുക്കുമ്പോൾ
വായന വരണ്ട തലവാചകങ്ങൾ പുളിച്ച
തെറിവാക്കുകളാവുമ്പോൾ
ഇനിയുമെന്നെയിങ്ങനെ അപമാനിക്കരുത്
ചോറു തിളക്കുന്നു
കുഞ്ഞു കരയുന്നു
ഭർത്താവ് അപ്പുറം കലിപൂണ്ടുനിൽക്കുന്നു
അപ്പോൾ നീ
ജഹാംഗീർ ആർട്ടുഗ്യാലറിയുടെ
പൃഥ്വിതിയേറ്ററിന്റെ
പ്ലാസസിനിമയുടെ
സൗന്ദര്യശാസ്ത്രം തുപ്പരുത്
കഫ് പരേഡിലെ കാറ്റുകളെ
നീ മുടിയിലൊളിപ്പിക്കൂ
മറൈൻ ഡ്രൈവിലെ സന്ധ്യയുമൊത്താകട്ടെ
നിന്റെ ശിലാതല്പശയനം
എനിക്കിവിടെ
നിറയെ
ചുമരുകളും
അതിനുള്ളിലൂടെ
ചുരിക പോലെ പുളയുന്ന
ഒരു സർപ്പകാലവുമുണ്ട്
അതിനാൽ ആസ്വദിച്ചോളൂ
ആവുംവിധം
മുറിവു പറ്റാത്ത
വിഷം തീണ്ടാത്ത
ഒരു ആൺജീവിതം
6.ഒരു കുഞ്ഞു കിളിയുടെ ഓർമ്മയ്ക് എന്നോ
പീഡകന്റെ ഗീതകം എന്നോ
മുതലക്കണ്ണീർ എന്നോ
വിളിക്കാവുന്ന കവിത
നിന്റെ കുഞ്ഞാത്മാവിന്റെ പിഞ്ചിളംസ്മൃതികളിൽ
നഷ്ടമാം നീലപ്പിന്റെ ആഴസങ്കടംകാൺകെ
ആത്മവേദനയാലേ നെഞ്ചകച്ചൂള ചുട്ട
മിഴിനീർക്കണം പോലും പൊഴിച്ചീടാതെ,വ്യർത്ഥ-
വാങ്മയങ്ങളിൽതങ്ങും പാപിയാമെന്റെ മർത്ത്യ-
വാസനകൾക്കു മാപ്പ്, മാപ്പു നീ നൽകേണമേ.
തൂവലിന്നിളം ചൂടിന്നർദ്ധനിദ്രയിൽ നിന്നും
പറിച്ചു നിന്നെയെടുത്തിരുമ്പുകിടാരത്തിൽ
തളച്ചു മദിച്ചൊരാനരവൈകൃതികളിൽ
തുളച്ചു കയറുന്നു നിൻ ബലിമുഹൂർത്തങ്ങൾ .
ജനിച്ച തെറ്റല്ലാതെ മറ്റൊന്നും ചെയ്തീടാതെ
നീല വിണ്ണേറാനിളംചിറകു വിരിക്കാതെ
ഇത്തിരിപ്പൂവിൻ മധു മധുരം നുകരാതെ
അടർന്നുമറയുന്ന നിൻ ജീവബിന്ദുക്കളിൽ
അടക്കിയൊതിക്കിയതേതു ശാപത്തിൻജ്വാല?
ഒതുക്കിനിറുത്തുവതെത്ര ഖാണ്ഡവദ്ദാഹം!
ഒരു പൊരിയേയതുമതിയാകുമീ നര-
നിഷാദരൊരുപിടിച്ചാരമായ് മാറീടുവാൻ