badge

free shipping worldwide

Friday, November 27, 2015

കിലുക്കാംപെട്ടി

പതിവു പോലെ ഇന്നലെയും ബസ്‌ കാത്തു നിന്നു അര മണിക്കൂറോളം . ജാഥ ആയി പോകുന്ന മൂന്നോ നാലോ  KSRTC  ബസ്സിന്റെ  അവസാനത്തെ ബസ്സിന്റെ പിന്ഭാഗം ആണ് മിക്കവാറും എന്റെ ദൂരകാഴ്ച . KSRTC യും ഞാനും തമ്മിലുള്ള ഒരു അവിഹിത ബന്ധം എന്ന് വേണമെങ്കിൽ പറയാം. എന്നെങ്കിലും ഞാൻ നേരത്തെ എത്തിയാൽ അന്ന് CONVOY സമയത്ത് പോയിരിക്കും . എന്നത്തെയും പോലെ എന്നെ കൂടാതെ .

അതുകൊണ്ടെന്താ അടുത്ത  CONVOY യുടെ ആദ്യത്തെ ബസ്സിൽ തന്നെ എനിക്ക്  സീറ്റ് കിട്ടി . മൂന്നു പേർക്കിരിക്കാവുന്ന സീറ്റിൽ രണ്ടോ മൂന്നോ വയസ്സുള്ള  ഒരു കുട്ടിയും അവളുടെ അച്ഛനും അമ്മയും .  ചെറുപ്പക്കാർ.  സുന്ദരനും അവന്റെ അതി സുന്ദരിയായ ഭാര്യയും . 

സൌന്ദര്യം  അളക്കാൻ  ഈ വയസ്സ് കാലത്ത് രഹസ്യമായി ഞാൻ കൊണ്ട് നടക്കുന്ന ഒരു അളവ് കോല് ഉണ്ട്. തിളങ്ങുന്ന ചെവികൾ .  transparent earlobes .  പ്രകാശത്തെ പോലും തടയാൻ മിനക്കെടാതെ സ്വർണ നിറത്തിൽ  അങ്ങനെ തിളങ്ങി നില്ക്കുന്ന ചെവികൾ  .

അത്ര മാന്യമല്ലാത്ത  എന്റെ മനോരാജ്യത്തിൽ നിന്ന് എന്നെ ഉണർത്തിയത് ആ കൊച്ചു കുട്ടിയുടെ വാ തോരാത്ത സംസാരം . ഒരു കിലുക്കാംപെട്ടി . ആ കുട്ടി എന്നോട്  എന്തോ ഒക്കെ പറയുന്നു ചോദിക്കുന്നു ചിരിക്കുന്നു .

ഞാനും ഒന്നു ചിരിച്ചു . യാത്രകളിലൊക്കെ എന്റെ ഒരു സ്വഭാവം ആണ് കഴിയുമെങ്കിൽ ഒന്നും മിണ്ടാതിരിക്കുക . ബസ്സിന്റെ ഇരമ്പലിൽ ഒന്നും ശരിക്ക് കേള്ക്കാൻ ആവില്ല . കേള്ക്കാത്തത് പറയുന്നത് കൊണ്ടെന്താ ഗുണം . പിന്നെ അപരിചിതരോട് അങ്ങനെ വല്ലാതെ അടുക്കാൻ ഒരു വിഷമം. ego problem .

ആ കുട്ടി എന്റെ മുഖത്തു നോക്കി തന്നെ എന്തോ ഒക്കെ ചോദിച്ചു കൊണ്ടിരുന്നു പറഞ്ഞു കൊണ്ടും . ഞാൻ പലതരം ചിരി മുഖത്ത് പരത്തി മിണ്ടാതെ ഇരുന്നു .

ഇറങ്ങാൻ നേരത്താണ് പിന്നെ ഞാൻ ആ ദമ്പതികളെ ശ്രദ്ധിച്ചത് . ഒന്നും മിണ്ടാത്ത അവരുടെ അംഗ വിക്ഷേപങ്ങൾ അപ്പോഴാണ്‌ എന്റെ ശ്രദ്ധയിൽ പെട്ടത് .

സ്വയം ബധിരനും മൂകനും ആയിപ്പോയ ഒരു നിമിഷം . ദൈവമേ ആ കുട്ടി കരുതി കാണുമോ ഈ ലോകം മുഴുവനും ബധിരരും  മൂകരും മാത്രം ആണെന്ന് .

Tuesday, November 17, 2015

ആരേക്കൊണ്ടും ഒന്നിനും പറ്റില്ല. എന്തുപറ്റി നമുക്ക്?



പകർച്ച വ്യാധികളിൽ 
വാടാതെ  മുംബൈ 
ഒരു മഴ പെയ്താൽ കേരളം  പനി പിടിച്ചു വിറക്കുമ്പോൾ  ഒരു മഹാനഗരത്തിന്റെ മാലിന്യം മുഴുവൻ ഒഴുകുന്ന കനാലിന്റെ വരമ്പത്ത് വീടുവച്ചു താമസിക്കുന്ന മുംബൈയിലെ ചേരി നിവാസികൾ എങ്ങിനെ പകർച്ച വ്യാധികളിൽ നിന്നു രക്ഷ നേടുന്നു. ആൺപെൺ വ്യത്യാസമില്ലതെ റോഡരുകിൽ മല മൂത്ര വിസർജ്ജനം  നടത്തുന്ന അഴുക്കുകൂമ്പാരമായ ധാരാവിയിലെ ചേരികളിൽ വസിക്കുന്ന പട്ടിണിപ്പാവങ്ങൾ എങ്ങനെ രോഗത്തെ പ്രതിരോധിക്കുന്നു.  അഴുക്കിൽ ജീവിച്ച് അവർ വലിയ പ്രതിരോധശക്തി ആർജ്ജിച്ചതു മാത്രമാണോ കാരണം 
ഈ പ്രതിരോധശക്തിയുടെ രഹസ്യം  അന്വേഷിച്ച് ഞാൻ കേരളത്തിലേക്കു പോകുന്നു.
മൂന്നുനാലു വർഷം മുമ്പാണ് ആ  രഹസ്യം  എനിക്കു വെളിപ്പെട്ടത് . അന്നായിരുന്നു  എന്റെ കേരള സന്ദർശനവും  അതിന്റെ ഭാഗമായ ബന്ധു വീടു  സന്ദർശനവും. ഭാര്യയുടെ സഹോദരിയെ ജോലി സ്ഥലത്ത് സന്ദർശിച്ചപ്പോഴേക്കും ഉച്ചയൂണിനുള്ള സമയമായി്. ഹോ ട്ടലിൽ നിന്നു ഭക്ഷണം  കഴിക്കാമെന്ന നിർബ്ബന്ധത്തിനു ഞാൻ വഴങ്ങിയില്ല. അരമണിക്കൂർ യാത്രയേയുയുള്ളു അടുത്ത ബന്ധവീട്ടിലേക്ക്. പിന്നെന്തിനു ഹോട്ടലിൽ നിന്നു  ഭക്ഷണം  കഴിച്ച് വയറു കേടാക്കാണം.
നാടൻ ഭക്ഷണത്തിന്റെ രുചി ഗൃഹാതുരതയൊടെ വായിൽ നിറഞ്ഞു. ഒരു ചാറു കറി കാണും  പിന്നെയൊരു ഉലത്തുകറി, അച്ചാർ . അത്രയെ കാണു. അവർ കർഷകരാണ്.
ചാറുകറി മാങ്ങയും  ചക്കക്കുരുവും  തേങ്ങയരച്ചു വച്ചത് അല്ലെങ്കിൽ മാങ്ങയും  ചെമ്മീനും  വച്ചത്  അതുമല്ലെങ്കിൽ  മുരിങ്ങക്കോൽ പരിപ്പിട്ടു വച്ചത്.   ഭാഗ്യമുണ്ടെങ്കിൽ തോട്ടിൽ നിന്നു പിടിച്ച  വരാൽ മീൻ കൊടംപുളിയിട്ടു വച്ചതുണ്ടാകും. പയറ്,പപ്പായ,ചീര, മുരിങ്ങക്കോൽ, ചക്കക്കുരു, വാഴക്ക, ചേമ്പ്, താള്, ചേന, പാവക്ക, വെണ്ടക്ക,ചേത്തണ്ട്, മുരിങ്ങയില,  മുരിങ്ങപ്പു, വാഴക്കൂമ്പ്, വഴപ്പിണ്ടി,കാച്ചിൽ, വഴുതന, വെണ്ട,വെള്ളരിക്ക, കുമ്പളങ്ങ, മത്തങ്ങ, ഇതിലേതങ്കിലുമായിരിക്കും തോരന് . അവർ കർഷകരല്ലെ. പിന്നെ അച്ചാറിന് കടുമാങ്ങ,ഉപ്പിലുമാങ്ങ,കറിമാങ്ങ. ഇതൊക്കെ എല്ലാ കർഷകഭവനത്തിലും  കാണും. നേരിയ മഞ്ഞനിറമുള്ള പശുവിൻപാൽ കാണും. മച്ചിന്റെ പുറത്ത് പാളയങ്കോടൻ പഴക്കുല ഓടിന്റെ കഴുക്കോലിൽ കെട്ടിത്തൂക്കിയിട്ടുണ്ടാകും.  ഉച്ചയൂണ് കുശാൽ.
റബ്ബർസമൃദ്ധിയുടെ നടുവിലെ രജകീയ ഭവനത്തിന്റെ വിശാലമായ കാർപോർച്ചിൽ  കാർ നിർത്തി ഞാൻ ഊണു വിളമ്പിക്കോയെന്നു വിളിച്ചലറി ഊണുമേശക്കരുകിൽ ഇരിപ്പായി.എന്റെ നെറികേടു കണ്ട് വീട്ടുകാർ ഇതികർത്തവ്യതാ മൂഢരായി. പിന്നെ ചോറു വിളമ്പി. ഒരു പ്ലേറ്റു നിറയെ കുത്തരിച്ചോറ് , രണ്ടുകഷണം  ചാള വറുത്തത്.
തീർന്നു. ചാള ചെറുതായി അഴുകിത്തിടങ്ങിയിരുന്നു. 
ഇവിടെ ആർക്കും  ഒന്നും  കഴിക്കാൻ മേല, പ്രഷറാ,പിന്നെ കൊളസ്ടോളൂം"
എനിക്ക് ചിക്കെനും, മട്ടനും, ബീഫും ഒരുക്കാൻ കഴിയാത്തതിലുള്ള വീട്ടുകാരിയുടെ പരിദേവനം  
ആരേക്കൊണ്ടു പറ്റും 
"ഒരു മാങ്ങാച്ചമ്മന്തി അരക്കാമായിരുന്നില്ലെ അവർക്ക് " തിരിച്ചു പോരുമ്പോൾ ഞാൻ ഭാര്യയ്യോടു പരിഭവിച്ചു. അതിശയോക്തി ആണെന്നു ധരിക്കരുത് എന്റെ സഹോദരിയുടെ വീട്ടിലും  ഇതേ വിഭവം  ലഭിച്ചു. ഇവിടെ ഞാൻ ഈ ചാളക്കു ചീച്ചിലു മണമുണ്ടോ എന്നു സംശയിച്ചു. ഇല്ല ബാക്ടീരിയയുടെ പ്രവർത്തനം  കൊണ്ടു രുചി വർദ്ധിച്ചിട്ടുണ്ടെന്നായിരുന്നു പ്രതികരണം. നാടൻ ഒഴിച്ചുകൂട്ടാനും പയറൊലത്തിയതും  കറിമാങ്ങയും  കൂട്ടി ഇക്കാലത്താരെങ്കിലും ചോറുണ്ണൂമോ.രാവിലെ എഴുന്നേറ്റു മൂന്നു നേരത്തേക്കുള്ള ചോറു വക്കും. പിന്നെ ഫ്രിഡ്ജിൽ ഇറച്ചിയോ മീനോ കാണും, അതുകൊണ്ടൊരുകറിയുണ്ടാക്കും. അതു ചൂടാക്കി മൂന്നു ദിവസം കഴിക്കും. പിള്ളേർക്കൊക്കെ അതുമതി, പിന്നെ ആരെക്കൊണ്ടു പറ്റും  മൂന്നുനേരം ചോറുവക്കാനും  മുപ്പതുകൂട്ടം  കറിയുണ്ടാക്കാനും
ഈ പെരയൊന്നടിച്ചിട്ട് മൂന്നു ദിവസമായി ആരേക്കൊണ്ടു പറ്റും  ദിവസവും  അടിച്ചുവാരാൻ. ഈ ആരേക്കൊണ്ടും  പറ്റാത്ത കാര്യങ്ങളുടെ ഒരു നീണ്ട നിരയുണ്ട്. പറമ്പിൽ പണിയെടുക്കാൻ, പുഴയിലോ, തോട്ടിലോ നീന്തിക്കുളിക്കാൻ, തുണിയലക്കാൻ, ചക്ക പറിക്കാൻ,മുരിങ്ങക്കോലു തോട്ടികൊണ്ടു കുത്തിച്ചാടിക്കാൻ, മുളകു പറിക്കാൻ, കറിവേപ്പില പറിക്കാൻ, പശുവിനെ കറക്കാൻ, വെള്ളം  കോരാൻ  അമ്മിയിൽ മുളകരക്കാൻ, പുളിയില പറിക്കാൻ, നെല്ലുകുത്താൻ, വെറകുവെട്ടാൻ, വാഴക്കൂമ്പ് ഒടിക്കാൻ,ചാണകം  വാരാൻ, ചാരം  വാരാൻ, സൈക്കിൾ ചവിട്ടാൻ, തലപ്പന്തു കളിക്കാൻ, ഫുഡ്ബോളുകളിക്കാൻ മരം കേറാൻ, പഞ്ചായത്തു കുളത്തിൽ മുങ്ങാം കുഴിയിട്ടു കള്ളനും  പോലീസും  കളിക്കാൻ, മാമ്പഴം  പറിക്കാൻ, മാവിൽ ഉന്നം  പിടിച്ചു  കല്ലുവെച്ചെറിയാൻ, തോട്ടിൽ ചിറ കെട്ടി വെള്ളം  തേവിപ്പറ്റിച്ച് വരാലു മീൻ പിടിക്കാൻ,പേരക്ക പറിക്കാൻ, പച്ച മാങ്ങ ഉപ്പും  മുളകും  കൂട്ടിത്തിനാൻ, കശുമാങ്ങ ഈമ്പിക്കുടിക്കാൻ,.............. 
ആരേക്കൊണ്ടും  ഒന്നിനും  പറ്റില്ല. എന്തുപറ്റി നമുക്ക്? കേരളീയരുടെ ജീവിത നിലവാരം  ഉയർന്നു.  കായികാധ്വാനം കുറഞ്ഞു, മാനസീക്കോല്ലാസം  കൂടി.സാധാരണ ഒരു ജന സമൂഹത്തിന് ജീവിത നിലവാരം  കൂടുമ്പോൾ അവരുടെ ഭക്ഷണ നിലവാരവും  തദ്വാരാ ആരോഗ്യ നിലവാരവും  കൂടേണ്ടതാണ്. ആരേക്കൊണ്ടു പറ്റും  എന്നതിനു പകരം  എന്നേക്കൊണ്ടു പറ്റും  എന്നു പറയേണ്ടതാണ്. എന്തു പറ്റി നമുക്ക്. ആരാണ് നമ്മെ ഒന്നിനും  പറ്റില്ലാത്തവരാക്കിയത്? ഉത്തരം, രബ്ബറും,  ഗൾഫും.
റബ്ബർ വരുത്തിവച്ച വിന
കേരളത്തിലെ തെക്കൻ ജില്ലകളിലെ പ്രത്യേകിച്ച് കോട്ടയം, എറണാകുളം, പത്തനംതിട്ട, കൊല്ലം ജില്ലകളിലെ സംസ്കാരത്തേയും  ജീവിതരീതിയേയും  മാറ്റിമറിക്കാൻ  റബ്ബറിനു കഴിഞ്ഞു. റബ്ബർക്കൃഷി ഇവിടങ്ങളിൽ വ്യാപകമാകുന്നതിനു മുമ്പുള്ള കാർഷികജീവിതം  എങ്ങനെയാരിരുന്നെന്നു നോക്കാം. അന്ന് വെള്ളം  ലഭ്യമാകുന്ന എല്ലാ പ്രദേശത്തും നെൽക്ക്രിഷി ചെയ്യാനായിരുന്നു ജനങ്ങൾക്കുത്സാഹം. വെള്ളം  അത്രകണ്ടു ലഭ്യമല്ലാത്ത കരനിലങ്ങൾ വരെ അന്നു നെൽക്ക്രിഷിക്കു പാകത്തിനു പരുവപ്പെടുത്താൻ ജനം അത്യദ്ധ്വാനം ചെയ്തിരുന്നു. ചെറുതും  വലുതുമായ കുളങ്ങൾ കുഴിച്ച് 'തുലവ്" എന്നു വിളിച്ചിരുന്ന തേക്കുയന്ത്രം കൊണ്ട് വെള്ളം  തേവി കരനിലങ്ങളിൽവരെ നെൽക്ക്രിഷി നടത്തിയിരുന്നു.വെള്ളം തേവുമ്പോൾ  പാടാൻ '' ഒന്നേതിയോ ഏത്തിയോ " എന്നു തുടങ്ങുന്ന തേക്കു പാട്ടുണ്ടായിരുന്നു.
രാവിലെ നലുമണിക്കോ അതുമുമ്പോ ഉണർന്ന് വെള്ളം തേവി, നേരം പരപരാ വെളു ക്കുമ്പോഴേക്കും കന്നു പൂട്ടാൻ പാകത്തിന് കണ്ടങ്ങളിൽ വെള്ളം  നിറക്കണം; പിന്നെ ഉച്ച വരെ കന്നു പൂട്ടണം; അങ്ങിനെ നെല്കൃഷി ചെയ്യാൻ കർഷകരും അവരുടെ കുടുംബാംഗങ്ങളും അത്യദ്ധ്വാനം ചെയ്യേണ്ടിരുന്നു. അടുത്റ്റടുത്തുള്ള കർഷകർ പരസ്പരം സഹകരിച്ചാണ് കൃഷിപ്പണി നടത്തിപ്പോന്നിരുന്നത്. ജനങ്ങളുടെ വലിയ  കൂട്ടായ്മ അന്നു ദ്രുശ്യമായിരുന്നു.
രണ്ടുപൂവു കൃഷി ചെയ്തിരുന്ന താഴ്ന്ന പാടങ്ങളിൽ വേനലവധിക്കു കുട്ടികൾ ഫുഡ്ബോൾ, വോളിബോൾ, തലപ്പന്ത്, നാടൻപന്ത്, മുതലായ കളികളിലേർപ്പട്ടിരുന്നു. മുതുർന്നവരുടെ ഉത്സാഹത്തിൽ ചെറികിട ഫുഡ്ബോൾ, വോളിബോൾ മത്സരങ്ങളും സംഘടിപ്പിക്കുമായിരുന്നു.ജനങ്ങൾ ഇതെല്ലാം നല്ലവണ്ണം  ആസ്വദിച്ചിരുന്നു.ജനങ്ങൾ അന്നു നാടകവും  കഥാപ്രസംഗവും  ഏറേ ഇഷ്ടപ്പെട്ടിരുന്നു.
(ജന്മി കുടിയാൻ ബന്ധങ്ങളഴിഞ്ഞ്, കുടിയാന്മാരായ കർഷകർ സ്വന്തം മണ്ണിൽ  കൃഷി ചെയ്യുന്നതിന്റെ ഉത്സാഅഹത്തിമിർപ്പ് നാടെങ്ങും  അന്നു ദ്രുശ്യമായിരിന്നു.ചൂഷണം  മാത്രം കൈമുതലായി ജീവിതം  ആസ്വദിച്ചിരുന്ന അപൂർവ്വം ജന്മിമാരുടെ പരി ദേവനങ്ങൾ കാർഷികത്തിമിർപ്പിന്റെ  ഉന്മാദത്തിൽ അലിഞ്ഞില്ലാതെയായിക്കൊണ്ടിരുന്നു. പിന്നീടത്തരം  ജന്മിമാരും യാഥാർത്ഥ്യം  മനസ്സിലാക്കി കാർഷികജീവിതത്തിലലിഞ്ഞുചേർ ന്നു.)

തുടരും .......