badge

free shipping worldwide

Friday, November 27, 2015

കിലുക്കാംപെട്ടി

പതിവു പോലെ ഇന്നലെയും ബസ്‌ കാത്തു നിന്നു അര മണിക്കൂറോളം . ജാഥ ആയി പോകുന്ന മൂന്നോ നാലോ  KSRTC  ബസ്സിന്റെ  അവസാനത്തെ ബസ്സിന്റെ പിന്ഭാഗം ആണ് മിക്കവാറും എന്റെ ദൂരകാഴ്ച . KSRTC യും ഞാനും തമ്മിലുള്ള ഒരു അവിഹിത ബന്ധം എന്ന് വേണമെങ്കിൽ പറയാം. എന്നെങ്കിലും ഞാൻ നേരത്തെ എത്തിയാൽ അന്ന് CONVOY സമയത്ത് പോയിരിക്കും . എന്നത്തെയും പോലെ എന്നെ കൂടാതെ .

അതുകൊണ്ടെന്താ അടുത്ത  CONVOY യുടെ ആദ്യത്തെ ബസ്സിൽ തന്നെ എനിക്ക്  സീറ്റ് കിട്ടി . മൂന്നു പേർക്കിരിക്കാവുന്ന സീറ്റിൽ രണ്ടോ മൂന്നോ വയസ്സുള്ള  ഒരു കുട്ടിയും അവളുടെ അച്ഛനും അമ്മയും .  ചെറുപ്പക്കാർ.  സുന്ദരനും അവന്റെ അതി സുന്ദരിയായ ഭാര്യയും . 

സൌന്ദര്യം  അളക്കാൻ  ഈ വയസ്സ് കാലത്ത് രഹസ്യമായി ഞാൻ കൊണ്ട് നടക്കുന്ന ഒരു അളവ് കോല് ഉണ്ട്. തിളങ്ങുന്ന ചെവികൾ .  transparent earlobes .  പ്രകാശത്തെ പോലും തടയാൻ മിനക്കെടാതെ സ്വർണ നിറത്തിൽ  അങ്ങനെ തിളങ്ങി നില്ക്കുന്ന ചെവികൾ  .

അത്ര മാന്യമല്ലാത്ത  എന്റെ മനോരാജ്യത്തിൽ നിന്ന് എന്നെ ഉണർത്തിയത് ആ കൊച്ചു കുട്ടിയുടെ വാ തോരാത്ത സംസാരം . ഒരു കിലുക്കാംപെട്ടി . ആ കുട്ടി എന്നോട്  എന്തോ ഒക്കെ പറയുന്നു ചോദിക്കുന്നു ചിരിക്കുന്നു .

ഞാനും ഒന്നു ചിരിച്ചു . യാത്രകളിലൊക്കെ എന്റെ ഒരു സ്വഭാവം ആണ് കഴിയുമെങ്കിൽ ഒന്നും മിണ്ടാതിരിക്കുക . ബസ്സിന്റെ ഇരമ്പലിൽ ഒന്നും ശരിക്ക് കേള്ക്കാൻ ആവില്ല . കേള്ക്കാത്തത് പറയുന്നത് കൊണ്ടെന്താ ഗുണം . പിന്നെ അപരിചിതരോട് അങ്ങനെ വല്ലാതെ അടുക്കാൻ ഒരു വിഷമം. ego problem .

ആ കുട്ടി എന്റെ മുഖത്തു നോക്കി തന്നെ എന്തോ ഒക്കെ ചോദിച്ചു കൊണ്ടിരുന്നു പറഞ്ഞു കൊണ്ടും . ഞാൻ പലതരം ചിരി മുഖത്ത് പരത്തി മിണ്ടാതെ ഇരുന്നു .

ഇറങ്ങാൻ നേരത്താണ് പിന്നെ ഞാൻ ആ ദമ്പതികളെ ശ്രദ്ധിച്ചത് . ഒന്നും മിണ്ടാത്ത അവരുടെ അംഗ വിക്ഷേപങ്ങൾ അപ്പോഴാണ്‌ എന്റെ ശ്രദ്ധയിൽ പെട്ടത് .

സ്വയം ബധിരനും മൂകനും ആയിപ്പോയ ഒരു നിമിഷം . ദൈവമേ ആ കുട്ടി കരുതി കാണുമോ ഈ ലോകം മുഴുവനും ബധിരരും  മൂകരും മാത്രം ആണെന്ന് .

No comments: